കൂട്ടുകാര്‍ക്കൊപ്പം ബീച്ചിലെത്തി, മണല്‍ തരികളില്‍ തല പതിപ്പിച്ച് , മുന്നില്‍ ഒഴുകി പരന്നു കിടക്കുന്ന ദൂരങ്ങള്‍ നോക്കി വെറുതെയിരിക്കുന്ന സമയത്ത്, ഒരു പെണ്‍കിടാവ് അച്ഛന്റെ വിരല്‍ തുമ്പില്‍ നിന്നും കുതറി ഓടി വന്ന് നനഞ്ഞു വാര്‍ന്ന മണല്‍ തരികളില്‍ വന്നു നില്‍പ്പായി. അവളെ കണ്ടതും തിരകള്‍ പൂച്ചകുട്ടികളെ പോലെ കുതിച്ചോടി അരികിലേക്ക് വന്നു . ആയിരകണക്കിന് പൂച്ച കിടാങ്ങള്‍ . അവള്‍ ആര്‍ക്കും പിടികൊടുക്കാതെ പിറകിലെക്കോടി . അവര്‍ നിരാശയോടെ തിരികെ മടങ്ങി. പിന്നെ സങ്കടം തോന്നിയെട്ടെന്ന വണ്ണം അവള്‍ തിരിച്ചോടി വന്നു പണ്ടത്തെ പോലെ നില്‍പ്പായി. പൂച്ചകിടാങ്ങള്‍ വീണ്ടും തുള്ളിച്ചാടി കിതച്ചോടി വന്നു അവളുടെ കാലുകള്‍ മുട്ടിയുരുമ്മാന്‍ തുടങ്ങി. പിന്നെ മെല്ലെ വെളുത്ത നഖങ്ങള്‍ പതഞ്ഞു പുറത്തു ചാടിച്ച് അവളുടെ കാലുകളെ വരിഞ്ഞു ചുറ്റി പിടിച്ചു . മടങ്ങാനിഷ്ടമില്ലാഞ്ഞിട്ടും കടല്‍ ഓരോരുത്തരെയായി തിരികെ വലിച്ചു കൊണ്ടു പോകാന്‍ തുടങ്ങി. അവളും അച്ഛന്റെ വിരലിലേക്ക് തിരികെ ചെന്ന് വേറെ എങ്ങോട്ടോ നടന്നു നീങ്ങി . കാലില്‍ പതിഞ്ഞിരുന്ന മൂക്കാത്ത വെളുത്ത നഖങ്ങള്‍ ഓരോന്നായി പൊട്ടിയമര്‍ന്നു . പെട്ടെന്ന് ഒരു വലിയ തിര വന്ന് ഞങ്ങള്‍ കിടക്കുന്നിടതേക്ക് അടിച്ചു കയറി. മൂക്കിലും തലയിലുമെല്ലാം സര്‍വത്ര മണല്‍ . അവര്‍ അവളെ കാണാതെ കൂടുതല്‍ ദൂരത്തേക്ക് തേടി വന്നതായിരിക്കണം .
ഈ കണ്ടു മുട്ടലുകള്‍ക്ക് വേണ്ടിയാവണം തിരകളെല്ലാം കാത്തിരിക്കുന്നത്. ഈ കാത്തിരിപ്പാവണം വീണ്ടും വീണ്ടും കരയിലെക്കോടി വരാന്‍ അവരെ തള്ളി വിടുന്നത് . ..
No comments:
Post a Comment