03/10/2010

നഷ്ടസ്വര്‍ഗങ്ങളേ.. - പ്രവീണ്‍
കൊല്‍ക്കത്ത iiser ഇല്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പ്രവീണിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളുള്ള പോസ്റ്റ്‌ ആണ് അടുത്തത്.  ഈ  പോസ്റ്റ്‌ പ്രവീണിന്റെ ബ്ലോഗില്‍ ഇവിടെ വായിക്കാം .
ആസ്വദിക്കുക , അഭിപ്രായം പറയുക .തറവാട്ടു വീടിന്റെ പടിക്കും പാടത്തിനും ഇടയിലുള്ള തോടിനു കുറുകെ ഇട്ടിരിക്കുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ തോട്ടിലേക്ക് കാലിട്ട് ഞാനങ്ങനെ ഇരുന്നു. മുമ്പുണ്ടായിരുന്ന മരപ്പാലം ചിതലെടുത്തതിനാല്‍ കിണറ്റില്‍ ഇറക്കാന്‍ റിംഗ് വാര്‍ത്തതിന്റെ കൂട്ടത്തില്‍ വാര്‍ത്തതാണ് ഈ കോണ്‍ക്രീറ്റ് സ്ലാബ്. കിഴക്കേ തൊടിയിലെ മുരിങ്ങമരത്തില്‍ നിന്നും ഇലയൊടിക്കുകയാണ് അമ്മ. എന്നെക്കണ്ടപ്പോള്‍, "എന്താടാ വെയിലത്ത് ആളില്ലാത്തിടത്ത് ഒറ്റക്കിരിക്കുന്നത് ? നിന്റെ പ്രാന്ത് കൂടിയോ ?" എന്ന് വിളിച്ച് ചോദിച്ചു. എന്നെ അടുത്തറിയാവുന്ന മറ്റു പലരേയും പോലെ എനിക്ക് വട്ടാണെന്നാണ് അമ്മയുടെയും ദൃഡമായ വിശ്വാസം. ഞാന്‍ എതിര്‍ക്കാനൊന്നും പോയില്ല. പെറ്റമ്മയല്ലേ, എന്തേലും പറയട്ടെ. അതിനുള്ള അവകാശമൊക്കെ ഉണ്ട്. വെയിലത്ത് കാല്‍ വെള്ളത്തിലിട്ട് ഇരിക്കാന്‍ നല്ല രസം. കാലില്‍ ഇടക്ക് പരല്‍ മീനുകള്‍ കൊത്തുന്നുണ്ട്.

ഗൃഹാതുരത നിറഞ്ഞ ഒത്തിരി ഓര്‍മകള്‍ എനിക്കീ പാടവും തോടുമൊക്കെ തന്നിട്ടുണ്ട്. കൊയ്ത്തുകാലം കഴിഞ്ഞാല്‍ അടുത്ത വിതയ്ക്ക് സമയമാകും വരെ ഞങ്ങളുടെ കളിസ്ഥലമായിരുന്നു ഈ പാടങ്ങള്‍. ഞാനിവിടെ കുട്ടിയും കോലും കളിച്ചിട്ടുണ്ട്. പിന്നീടെന്നോ കുട്ടിയും കോലും കളിക്കിടെ കുട്ടി കണ്ണില്‍ തറച്ച് ആരുടെയോ കാഴ്ച നഷ്ടപ്പെട്ട വാര്‍ത്ത പത്രത്തില്‍ വന്നതിന് ശേഷം ആരും അത് കളിക്കാറില്ല. സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ കലണ്ടര്‍ കൊണ്ട് ഞാനുണ്ടാക്കിയ പട്ടം ആറ് റീല്‍ നൂലിന്റെ ദൂരം പറത്തിയതും, അമ്പലത്തിലെ ഉത്സവത്തിന് ചെറിയ ചെണ്ട വാങ്ങിത്തരാന്‍ വാശിപിടിച്ചതിന് അമ്മ തല്ലാനിട്ടോടിച്ചതും എല്ലാം ഈ പാടത്താണ്. കുറച്ചു കാലം മുമ്പ് വരെ മിഥുനാവസാനത്തില്‍ ഈ തോട്ടിന്‍ വക്കത്ത് കലിയന്കൊടുക്കുമായിരുന്നു. വാഴക്കണകൊണ്ട് ഉണ്ടാക്കിയ തൊഴുത്തില്‍ പ്ലാവിലക്കാളകളും, ചിരട്ടയില്‍ ചക്കക്കൂട്ടാനും ചോറും വച്ച് അതെല്ലാം തോട്ടിന്‍വക്കത്ത് കൊണ്ട് പോയി വയ്കും. എന്നിട്ട് കലിയാ കൂയ് കൂയ് എന്ന് കൂക്കും. പാടത്തിന്റെ അപ്പുറത്ത് നിന്നും എന്റെ സുഹൃത്ത് ശ്രീവത്സനും കൂക്കാന്‍ തുടങ്ങും. പിന്നെ ഞങ്ങള്‍ രണ്ടുപേര്‍ക്കും മടുക്കുന്നത് വരെ ആ കലാപരിപാടി തുടരും. ഇപ്പൊ കലിയനെ ഞാനടക്കം എല്ലാവരും സൗകര്യപൂര്‍വം മറന്നിരിക്കുന്നു.ഈ തോട്ടു വരമ്പത്ത് നിന്നും മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റാണ് അടുത്ത വീട്ടിലെ ഉണ്ണിയേട്ടന്‍ മരിച്ചത്. എന്നെക്കാള്‍ നാലഞ്ച് വയസ്സിന് മൂത്തതായിരുന്നു ഉണ്ണിയേട്ടന്‍.

ട്രാക്ടറൊക്കെ വരുന്നതിന് മുന്‍പ് പാടം ഉഴുതിരുന്നത് നാടിമാമയായിരുന്നു. കറുത്തു മെലിഞ്ഞ നാടിമാമയും വെളുത്ത് തടിച്ച മൂരിക്കുട്ടന്മാരും പാടം ഉഴുന്നത് കാണാന്‍ നല്ല രസമായിരുന്നു. നാടിമാമയുടെ മനസ്സറിഞ്ഞെന്നോണം കാളകള്‍ ഉഴുതുകൊണ്ടിരിക്കും. എങ്കിലും ഒരു ഔപചാരികതക്ക് വേണ്ടിയാകാം നാടിമാമ ഇടക്കിടെ ഇബ്ടെ കാളെ..ഇബ്ടെ എന്ന് പറയും. മണ്ണിന്റെ നിറമുള്ള തോര്‍ത്തിന് മുകളിലായി നാടിമാമയുടെ സിക്സ് പായ്ക് കാണാം. വിയര്‍ത്ത ശരീരം വെയിലത്ത് തിളങ്ങുന്ന പോലെ തോന്നും. പാടങ്ങള്‍ ട്രാക്ടറിന്റെ അധിനിവേശത്തിനിരയായതിന് ശേഷം നാടിമാമയും കാളകളും പാര്‍ശ്വവത്കരിക്കപ്പെട്ടു. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ കൈക്കോട്ടുമായി തന്റെ പാടത്തേക്ക് പോകുന്ന നാടിമാമയെ ഞാന്‍ ഇടയ്ക് കാണാറുണ്ട്. നാടിമാമ മാരിയമ്മന്‍ കോവിലിലെ താലപ്പൊലിയ്ക് കോമരം കെട്ടുമായിരുന്നു. വാളുകൊണ്ട് സ്വന്തം നെറ്റിയില്‍ വെട്ടി ചോരയൊലിപ്പിച്ച് ക്രുദ്ധഭാവത്തില്‍ നില്‍ക്കുന്ന നാടിമാമയും, പുഞ്ചിരിച്ചു കൊണ്ട് വീട്ടില്‍ വരുന്ന നാടിമാമയും ഒരാളാണെന്ന് വിശ്വസിക്കാന്‍ ഞാന്‍ പ്രയാസപ്പെട്ടിരുന്നു.

ഞാനിരിക്കുന്നതിന് കുറച്ച് മാറി ഒരു കുളമുണ്ട്. അല്ല, ഒരു കുളമുണ്ടായിരുന്നു. ഞാന്‍ നീന്തല്‍ പഠിച്ചത് ആ കുളത്തിലാണ്. ആ ഉദ്യമത്തിനിടെ കുളത്തിലെ വെള്ളം ഞാനൊത്തിരി കുടിച്ചിട്ടുണ്ട്. ചെറിയ കുളമാണ്. കൃഷിയാവശ്യത്തിന് ഉണ്ടാക്കിയതാണ്. പണ്ട് വേനല്‍കൃഷി നനച്ചിരുന്നത് ആ കുളത്തില്‍ നിന്നും ഏത്തം മുക്കിയാണ്. പിന്നീടെപ്പോഴോ ഏത്തം മോട്ടോര്‍ പമ്പിന് വഴിമാറി. ഇപ്പോള്‍ കുളത്തോട് ചേര്‍ന്ന് ഒരു പമ്പ് ഹൗസ് ഉണ്ട്.

കാലിലിട്ടിരുന്ന ചെരിപ്പ് തോട്ടിലൂടെ ഒഴുകിപ്പോകുന്നത് കണ്ടാണ് ഓര്‍മകളുടെ ഭൂതകാലവിഹായസ്സില്‍ വിഹരിച്ചു കൂണ്ടിരുന്ന മനസ്സ് വര്‍ത്തമാനത്തിലേയ്ക് തിരിച്ചു വന്നത്. പിന്നാലെ ഓടിച്ചെന്ന് ചെരിപ്പെടുത്ത് തിരിച്ചു വന്നു. കാലില്‍ തറച്ച തൊട്ടാവാടിമുള്ള് എടുത്തു കളഞ്ഞു. പാടവരമ്പ് മുഴുവന്‍ തൊട്ടാവാടിയാണ്. ചെരിപ്പിടാത്ത ആരേയും അവ വെരുതെ വിടില്ല.


ഇന്ന് പുതുതലമുറയാരും ഇവിടെ കുട്ടിയും കോലും കളിക്കാറില്ല, പട്ടം പറത്താറില്ല. പാടം റബ്ബറും കവുങ്ങും കീഴടക്കിയിരിക്കുന്നു. ഒന്നു രണ്ട് വീടുകളും മുളച്ചിട്ടുണ്ട്. അസിക്കാക്കയുടെ കാലങ്ങളായി കൃഷിയിറക്കാത്ത പാടത്തിന്റെ നടുവില്‍ താനേ ഉണ്ടായ പറങ്കിമാവ് കായ്കാന്‍ തുടങ്ങിയിരിക്കുന്നു. നാടിമാമ മരിച്ചീട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. ക്യാന്‍സറായിരുന്നു. ആ നല്ല മനുഷ്യന്‍ ഓര്‍മകളില്‍ നിന്നും മറയാതിരിക്കട്ടെ. ഞാന്‍ നീന്തല്‍ പഠിച്ച കുളം ഇന്നവിടെ ഇല്ല. അയല്‍ വീട്ടില്‍ പുതുതായി ഉണ്ടാക്കിയ കിണറ്റിലെ മണ്ണിടാന്‍ സ്ഥലമില്ലാതെ വന്നപ്പോള്‍ ഉപയോഗശൂന്യമായ കുളത്തിലേക്കിട്ടോളാന്‍ അച്ഛമ്മ അനുവാദം കൊടുത്തു. പണ്ട് ഏത്തം കെട്ടിയിരുന്ന അണ്ണക്കരമരങ്ങളില്‍ ഒന്ന് ഇന്നും കുളക്കരയിലുണ്ട്, ഓര്‍മകളുടെ വാര്‍ദ്ധക്യം ബാധിച്ച കാവല്‍ക്കാരനായി.... 

3 comments:

  1. എല്ലാം ഓര്‍മ്മകള്‍ മാത്രമായ്.....

    ReplyDelete
  2. ഇന്നലത്തെ ഓര്‍മ്മകള്‍ നാളത്തേക്കുള്ള പ്രചോതനങ്ങളാണ്.
    വികലത ബാധിക്കാത്ത ഈ ഓര്‍മ്മകള്‍ ഏറെ ഇഷ്ടമായി.
    ആശംസകള്‍...

    ReplyDelete