03/11/2010

ഗൗരീശങ്കരം

കോഴിക്കോട് സ്വദേശിയായ റസിമാന്റെ  ഒരു ചെറു കഥയാണ് ഈ ആഴ്ചത്തെ പോസ്റ്റ്‌  .  ജില്ലാ തലത്തിലും രാജ്യാന്തര തലത്തിലും ശാസ്ത്രത്തിലും, സാഹിത്യത്തിലും, പ്രശ്നോതരിയിലും ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് .    വായന , വിക്കിപീഡിയ എഡിറ്റിങ്ങ്, പ്രൊജക്റ്റുകള്‍ എന്നിവയാണ് മറ്റ് ‍ പ്രധാന വിനോദങ്ങള്‍ . മാധ്യമം ദിനപത്രത്തില്‍ പ്രസിധീകരിക്കപെട്ട റസിമാന്റെ  ഈ ചെറുകഥ വായിച്ചു നോക്കു ....


ഗൗരീശങ്കരം



അച്ഛന്‍ വീണ്ടും നാടുവിട്ടെന്ന് മനസ്സിലായി.
രാവിലെ വീട്ടില്‍ കാണാഞ്ഞപ്പോഴേ സംശയം തോന്നിയതാണ്. ഇങ്ങനെയൊരു പദ്ധതി മനസ്സിലില്ലെങ്കില്‍ എന്നോട് പറയാതെ എവിടേക്കും പോവുക പതിവില്ല. കാലങ്ങളായി അടഞ്ഞുകിടന്ന ഏതോ പെട്ടിയില്‍ നിന്നെടുത്ത മുഷിഞ്ഞൊരു സാരിയുടുത്ത് അമ്മ നില്‍ക്കുന്നത് കണ്ടപ്പോള്‍ ഉറപ്പായി.
ഇതുവരെ അച്ഛന്‍ എന്നെ തല്ലിയിട്ടില്ല. പക്ഷെ ഇതിന് ഒരു ദിവസം അച്ഛന്റെ കരണത്തൊന്ന് പൊട്ടിക്കണം.
ചായയെടുത്ത് കോലായിലേക്ക് വന്നപ്പോള്‍ അമ്മ പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ലാതെ പത്രം വായിച്ചിരിക്കുകയാണ്. സന്ധ്യ മുഖം വീര്‍പ്പിച്ചിരിക്കുന്നുണ്ട്. അച്ഛന്‍ വീണ്ടും നാടുവിട്ടുപോയോ എന്ന് ചോദിച്ചപ്പോള്‍ അമ്മ തലകുലുക്കുക മാത്രം ചെയ്തു.
അച്ഛനെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ തന്നെ ഇതുപോലൊരു സഞ്ചാരം കഴിഞ്ഞ് തിരിച്ചുവരുന്നതാണ്. പെട്ടിയുമെടുത്ത് കയറിവന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കുന്നു. പിന്നെ എന്നെയും.
എപ്പോള്‍ തിരിച്ചുവരും?
അമ്മ എന്നെയൊന്ന് നോക്കി. ഒന്നുരണ്ടാഴ്ച. കൂടിപ്പോയാല്‍ കുറച്ച് മാസങ്ങള്‍. എന്തുവന്നാലും ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരും.
വന്നില്ലെങ്കില്‍?
മരിച്ചുപോയി, അത്രയേ ഉള്ളൂ.

ഓരോ യാത്രയും ഒരുപോലെ അപ്രതീക്ഷിതമായിരുന്നു. ഓരോ തിരിച്ചുവരവും അത്രതന്നെ ആവര്‍ത്തനവിരസത നിറഞ്ഞതും. നിനച്ചിരിക്കാതെ കൈയില്‍ ഒരു പെട്ടിയുമായി പുഞ്ചിരിച്ചുകൊണ്ട് ഗേറ്റ് തുറന്നുവരുന്നു. അമ്മയെ കെട്ടിപ്പിടിക്കുന്നു, പിന്നെ എന്നെയും സന്ധ്യയെയും.
അച്ഛന്‍ പോയതുകൊണ്ട് അമ്മ ദുഃഖിച്ചിരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. തിരിച്ചുവരുമ്പോള്‍ പോയതിന്റെ പേരില്‍ വഴക്കുണ്ടാക്കുന്നതും കണ്ടിട്ടില്ല. അല്ല, അവര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നതേ കണ്ടിട്ടില്ല. കൂട്ടുകാരെപ്പോലെയാണ് അച്ഛനും അമ്മയും ജീവിക്കാറുള്ളത്. പ്രണയവിവാഹമായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട് – ചോദിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. ഞങ്ങളോടും അച്ഛന്‍ കൂട്ടുകാരെപ്പോലെത്തന്നെയാണ്. ഇങ്ങനെയൊരു ജീവിതത്തിന് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പൊടുന്നനെയൊരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് അച്ഛന്‍ ഇറങ്ങിപ്പോകുന്നു. കുറച്ചുകാലത്തിനുശേഷം നിര്‍ത്തിയിടത്തുവച്ച് തുടരുന്നു.
അമ്മയോട് അച്ഛന്‍ വല്ലതും സംസാരിച്ചിരുന്നോ?
ഇല്ല.
എവിടേക്കാണ് പോയതെന്ന്…?
എനിക്കറിയില്ല.
പോലീസില്‍ അറിയിക്കണ്ട എന്നുതന്നെയാണോ?
എത്ര തവണ കഴിഞ്ഞതാ മോനേ ഈ സംഭാഷണം? ഇനിയും വേണോ?

അമ്മ പോലീസില്‍ അറിയിക്കാന്‍ സമ്മതിക്കില്ല. അച്ഛന് മാനസികരോഗമൊന്നുമില്ലെന്നും അങ്ങനത്തെയൊരാള്‍ സ്വന്തം ഇഷ്ടപ്രകാരം കുറച്ചുകാലത്തേക്ക് യാത്ര പോയാല്‍ വേട്ടയാടേണ്ട ആവശ്യമില്ല എന്നാണ് അമ്മയുടെ പക്ഷം. ഇതിനുമുമ്പ് അച്ഛന്‍ തിരിച്ചുവന്നത് മൂന്നാലു മാസം മുമ്പാണ്. ഒന്നുരണ്ടാഴ്ചയേ ഉള്ളായിരുന്നു സഞ്ചാരം. ഒരു തവണ മൂന്നുമാസം വരെ അജ്ഞാതവാസം നീണ്ടുന്നിന്നതായി ഓര്‍ക്കുന്നുണ്ട്.
അതിലും കൂടുതലുണ്ടായിരുന്നു എന്ന് അമ്മാവന്‍ പറഞ്ഞിട്ടുണ്ട്. ആദ്യത്തെ തവണ. വിവാഹം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് നാടുവിട്ട അച്ഛന്‍ കാടാറുമാസം തീര്‍ത്തിട്ടേ തിരിച്ചുവന്നുള്ളൂ. അപ്പോഴും അമ്മയ്ക് അങ്കലാപ്പില്ലായിരുന്നു.
അച്ഛനെ അമ്മയ്ക്കേ അറിയൂ. അമ്മയ്ക്ക് എല്ലാം അറിയാമെങ്കില്‍ ഞങ്ങളില്‍ നിന്നെങ്കിലും മറച്ചുവയ്ക്കാതിരുന്നുകൂടേ?
അമ്മേ, ഞങ്ങളോടെങ്കിലും ഒന്ന് പറഞ്ഞൂടേ അച്ഛന്‍ എന്തിനാ പോയതെന്ന്?
സന്ധ്യ കോളേജിലേക്കിറങ്ങി. അമ്മ ജോലിക്കും.
അമ്മേ, ഇതിട്ടോണ്ടോ?
ഉം
അച്ഛന്‍ പോയതിന് ദുഃഖം ആചരിക്കണമെന്നുണ്ടെങ്കില്‍ നാട്ടുകാരെ അറിയിച്ചുവേണോ?
പത്തിരുപത്തഞ്ച് വയസ്സായല്ലോ. ഇഷ്ടമില്ലാത്ത ചോദ്യം നിര്‍ത്തണമെന്ന് മനസ്സിലാക്കാനുള്ള വകതിരിവായിട്ടില്ല?

ഇന്ന് ഞാന്‍ വീട്ടിലിരിക്കുകയാണ്. എനിക്കു വയ്യ ആരോ എഴുതുന്ന ഈ നാടകത്തിലെ വേഷം വീണ്ടും വീണ്ടും ആടാന്‍. മുറിയിലേക്ക് പോയപ്പോള്‍ മേശപ്പുറത്തൊരു കത്ത്.
ഒരു വരി.
ഞാന്‍ പോകുന്നു – ഗൗരി.
അത്രയേ ഉള്ളൂ.

അച്ഛന് പിന്നാലെ അമ്മ കൂടി പോകാത്ത കുറവേ ഉള്ളൂ. പോട്ടെ. സന്ധ്യേ, നിനക്ക് വേണമെങ്കില്‍ നീയും പൊയ്ക്കോ. പിന്തുടരാന്‍ എനിക്ക് വയ്യ. ഞാനീ കൂട്ടില്‍ ഒറ്റയ്ക്കിരുന്ന് ഭ്രാന്തെടുത്തോളാം.
ഉച്ചഭക്ഷണം കഴിക്കാനിരുന്നു. സാധാരണ അമ്മ ഉച്ചയാകുമ്പോഴേക്ക് വീട്ടിലെത്തുന്നതാണ്. ഇന്ന് വരില്ലല്ലോ.
കോളിങ്ങ് ബെല്‍. അമ്മ.
കത്തെടുത്തു കൊടുത്തു. ചോദ്യരൂപേണ അമ്മയെ നോക്കിയപ്പോള്‍ അമ്മ ചിരിച്ചു.
മോനേ, എന്നെ നീ എത്ര കാലമായി അറിയും?

ഇതെഴുതിയത് ഞാനാണോ?

എനിക്കൊന്നും മനസ്സിലായില്ല. കത്തെഴുതിയിരിക്കുന്നത് അച്ഛനാണ്. ഇരുട്ടില്‍ നിന്ന് കൂടുതല്‍ ഇരുട്ടിലേക്ക്. എല്ലാവര്‍ക്കും എന്നെത്തന്നെ കരുവാക്കി ചതുരംഗം കളിക്കണോ?
അമ്മ എന്നെ കസേരയിലിരുത്തി നെറ്റിയില്‍ ഉമ്മവെച്ച് പതിയെ സംസാരിക്കാന്‍ തുടങ്ങി.
അച്ഛന്‍ ഇതെഴുതിയത് എനിക്ക് വായിക്കാനാണ്, ഞാനാണത് ഇവിടെ കൊണ്ടുവച്ചത്.
എനിക്ക് നിന്റെ അച്ഛനെ കുട്ടിക്കാലം മുതലേ അറിയാമായിരുന്നു. ശങ്കരേട്ടനെ ഞാന്‍ ഇഷ്ടപ്പെടാനുള്ള ഒരു കാരണം ശങ്കരേട്ടന്‍ എന്നെപ്പോലെയായിരുന്നു എന്നതാണ്. ശങ്കരേട്ടന്റെ ഉള്ളില്‍ എന്നും ഒരു ഗൗരി ഉണ്ടായിരുന്നു. നിങ്ങളെയും ഒരമ്മയെപ്പോലെയാണ് അച്ഛന്‍ സ്നേഹിച്ചത്. ഒരിക്കല്‍ മാത്രമേ ശങ്കരേട്ടനെക്കുറിച്ചുള്ള എന്റെ കണക്കുകൂട്ടല്‍ തെറ്റിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഉള്ളിലെ ഗൗരി ഞാന്‍ കരുതിയതിലുമേറെ ശക്തയായിരുന്നു. വിവാഹരാത്രിയില്‍ ശങ്കരേട്ടന്‍ സാരിയുടുത്തുനില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്. എന്നെക്കാള്‍ സുന്ദരിയായിരുന്നു. ഞങ്ങള്‍ കുറേനേരം സംസാരിച്ചിരുന്നു. ശങ്കരേട്ടന് ഗൗരിയായി ജീവിക്കാന്‍ അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. വീട്ടിനകത്ത് സാരിയുടുത്തിരിക്കുന്നതില്‍ ഒതുങ്ങാതെ പുറംലോകത്ത് ഒരു സ്ത്രീയായി എല്ലാ അര്‍ത്ഥത്തിലും…
വിവാഹം കഴിഞ്ഞ് കുറച്ചുകാലമായപ്പോഴേക്ക് ഈ ആഗ്രഹം അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിക്കാന്‍ തുടങ്ങി, ഒരു സ്ത്രീയുടെ കൂടെ ജീവിക്കാന്‍ തുടങ്ങിയതിനാലാകാം. ആഗ്രഹങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവ പൂര്‍ത്തീകരിക്കുകയേ വഴിയുള്ളല്ലോ. മറ്റെവിടെയെങ്കിലും പോയി കുറച്ചുകാലം എന്റെ ജീവിതം ജീവിക്കാന്‍ ഞാനാണ് ആവശ്യപ്പെട്ടത്. എന്റെ വസ്ത്രങ്ങളെല്ലാമെടുത്ത് ഒരു വഴിക്ക് പോയി. എങ്ങോട്ടെന്ന് ചോദിച്ചില്ല. കുറച്ചുകാലം കഴിഞ്ഞ് തിരിച്ചുവന്നു. എന്നെ കെട്ടിപ്പിടിച്ച് കുറേ കരഞ്ഞു. പോകാനനുവദിച്ചതിന് കുറേ നന്ദിയും പറഞ്ഞു. പിന്നെയും ഇടയ്ക്കിടക്ക് പോകും. എനിക്ക് സന്തോഷമേയുള്ളൂ. ഭര്‍ത്താവിന്റെ ഒരാഗ്രഹം സാധിച്ചുകൊടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭാര്യയാണെന്ന് പറഞ്ഞിട്ടെന്താ കാര്യം? ശങ്കരേട്ടനെ ഇങ്ങനെ ഗൗരിയായി മാറാനനുവദിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷെ നമുക്ക് ഇത്ര സന്തോഷമായി ജീവിക്കാനും സാധിക്കുമായിരുന്നില്ല.
കുറച്ചുനേരം എനിക്കൊന്നും പറയാന്‍ പറ്റിയില്ല
അമ്മേ, അമ്മയ്ക്കെങ്ങനെ അച്ഛനെ ഇങ്ങനെ ജീവിക്കാന്‍ വിടാന്‍ സാധിച്ചു?
അതല്ലേ ഇത്ര വിശദമായി പറഞ്ഞത്?
അച്ഛന്‍ തിരിച്ചുവരേണ്ടെന്ന് തീരുമാനിച്ചാല്‍?
ആ പേടി എനിക്കില്ല. ഉള്ളിലെ ഗൗരിയെക്കാള്‍ ശങ്കരേട്ടന്‍ സ്നേഹിക്കുന്നത് ഈ ഗൗരിയെയാണെന്ന് എനിക്കറിയാം. പിന്നെ ഒരമ്മയ്ക്ക് എത്ര കാലം മക്കളില്‍ നിന്ന് അകന്നുകഴിയാന്‍ സാധിക്കും?
ഇത്രയും കാലം ഞങ്ങളോടൊന്നും പറയാതിരുന്നത്…
അറിയാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നു തോന്നി. ഇപ്പോഴും സന്ധ്യയെ അറിയിക്കാന്‍ ഉദ്ദേശ്യമില്ല. നീയും പറയരുത്.
പിന്നെ ഇപ്പോഴെന്താ എന്നോടു മാത്രം പറയാന്‍?

അമ്മ ചിരിക്കാന്‍ തുടങ്ങി. പേടിയാണ് തോന്നുന്നത്.
മോനേ, അച്ഛനെ മാത്രമല്ല നിന്നെയും എനിക്ക് നന്നായറിയാം. അമ്മ സഞ്ചിയില്‍ നിന്ന് ഒരു പാക്കറ്റെടുത്തു തന്നു. മോനേ, നീയിതുടുത്ത് നില്‍ക്കുന്നത് എനിക്കൊന്നു കാണണം.

കണ്ണാടിക്കുമുമ്പില്‍ സാരിയുടുത്ത് നില്‍ക്കുമ്പോള്‍ അമ്മയായിരുന്നു മനസ്സിലാകെ. ഞാനും ഒരു ഗൗരിയെ കാത്തിരിക്കുകയാണ്.

8 comments:

  1. നന്നായിട്ടുണ്ട് കഥ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇത് വായിച്ചപ്പോൾ എനിക്ക് തോന്നി, ഒരു ആൺ‌വേഷം കെട്ടിയിട്ട് അങ്ങോട്ട് ഇറങ്ങിപ്പോയാലോ എന്ന്; ശരിക്കും ഞാൻ പോകും, ഒരു നാൾ,

    ReplyDelete
  4. raziman-te oru kadha vere oru koottayamayil kandathil othiri santhosham......avan ente friend aanennu parayaan athilum santhosham.......

    ReplyDelete
  5. kakkakkoottile members aarellam aanennu ippol maathramaanu nokkiyathu........enthaayalum santhosham santhosham thanne aayi irikkatte........................

    ReplyDelete
  6. കഥയുടെ തുടക്കമൊന്നും എനിക്ക് എന്തോ അത്ര നന്നായി തോന്നിയില്ല. പക്ഷെ അവസാനഭാഗങ്ങളിലേക്കെത്തിയപ്പോള്‍ വളരെയധികം ആകാംഷയോടെയായിരുന്നു വായന തീര്‍ത്തത്. ഇപ്പോഴും മനസ്സില്‍ എന്തൊക്കെയോ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അത് കഥാകാരന്റെ വിജയം. കഥപറച്ചിലിന്റെ വിജയം.

    ReplyDelete