Showing posts with label നിഖില്‍ വര്‍മ്മ. Show all posts
Showing posts with label നിഖില്‍ വര്‍മ്മ. Show all posts

28/03/2011

പൊട്ടിത്തെറി


അവന്‍ ചോക്കുകള്‍
കുത്തിപ്പൊടിക്കുകയാണ്
മഞ്ഞ പച്ച നീല
പല നിറത്തിലുള്ളവ
വൈകുന്നേരം അച്ഛന്‍ അമ്മയെ തല്ലുമ്പോള്‍ 
കണ്ണിലെറിയുവാന്‍ .

അവന്‍ കല്ലെറിഞ്ഞത്
മാങ്കനി വീഴ്ത്തുവാനല്ല
പട്ടവും പറിച്ചോടിയ
കാറ്റിനെ കൊല്ലുവാനായിരുന്നു.

അവന്‍ പൂ പറിച്ചത്
അവള്‍ക്കു ചൂടുവാനല്ല
മണമോ നിറമോ കൊതിപ്പിച്ചിട്ടുമല്ല
വണ്ടുകള്‍ പട്ടിണി കിടന്നു
ചാകാന്‍ വേണ്ടിയായിരുന്നു.
(ഇന്നലെ അവന്റെ കഞ്ഞിയില്‍ ഒരെണ്ണം)


ഇന്ന് അവന്‍,
ആള്‍ക്കൂട്ടത്തിലേക്കു കയറിച്ചെന്നത്‌
പൊട്ടിത്തെറിയുണ്ടാക്കുവാനല്ല
 പൊട്ടിത്തെറിക്കുവാനായിരുന്നു.



- വഴിവക്കത്ത് 

10/10/2010

ഒരു റീത്ത്


ബൂലോകത്ത് INfinitelySANE/ആരാന്‍ എന്നറിയപ്പെടുന്ന നിഖില്‍ വര്‍മ്മയുടെ പോസ്റ്റാണ് ഈയാഴ്ച.കോഴിക്കോട് NIT യില്‍ ഇന്ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.സ്വദേശം കണ്ണൂര്‍, താമസം കോഴിക്കോട്. എഴുത്തിന് പുറമേ സാമൂഹ്യസേവനവും വിക്കിപീഡിയ തിരുത്തലുമാണ് ഒഴിവുസമയ വിനോദങ്ങള്‍ . ഔദ്യോഗികമായി മലയാളം പഠിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ സുന്ദരമായ കവിതകളെഴുതുന്നു. നിഖിലിന്റെ
ഒരു റീത്ത് എന്ന മനോഹരമായ കവിത വായിച്ചു നോക്കൂ.


ഇരുള്‍ ചിതറി
നഗരമുണര്‍ന്ന വേള,
ലഹരി നുണഞ്ഞോടുന്ന ചക്രങ്ങള്‍.

ചെറിയ സൂചിയും
വലിയ സൂചിയും
തമ്മിലുള്ള മത്സരത്തിനിടെ
ഒരു നിലവിളിക്കീറ് .

കറുത്ത നിറത്തില്‍ ചുവപ്പ് പരന്നു.
തമിഴ് കലര്‍ന്ന മുറുക്കാനും
പ്രതീക്ഷ കലര്‍ന്ന രക്തവും
ദാരിദ്ര്യം മണക്കുന്ന വിയര്‍പ്പും
വാര്‍ധക്യം ബാധിച്ച ഉമിനീരും ,
ഭൂവിന്റെ മാറില്‍ ,
സ്വാതന്ത്ര്യമാഘോഷിച്ചു .

ഇരയെ പകുത്തെടുകുന്ന കുറുനരികള്‍,
യന്ത്രക്കണ്ണുകള്‍ മിന്നി മറഞ്ഞു .

പിറവിയുടെ വെള്ള പുതച്ച പുലരി.
ഉമ്മറത്തറയിലേക്ക് തെറിച്ചു വീണ
പത്ത്രത്തിന്റെ ആദ്യതാളില്‍ നിന്നും
മനുഷ്യത്വത്തിന്റെ അവസാന തുള്ളികളും
മണ്ണിലേക്കൊലിച്ചിറങ്ങി.