Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

26/05/2011

ഒരു നിസ്വന്റെ കാശുരാഷ്ട്രീയം

വേട്ടാളന്‍ aka രഞ്ജിത്ത്- തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക്ക്. വിദ്യാര്‍ത്ഥി. അക്കാദമിക്ക് വായനയുടെ പെരുച്ചാഴിവയറുകള്‍ ശമിപ്പിക്കാന്‍ അതിഭാവുക കവിതയും സാധാരണ വായനക്കാരന്റെ അരച്ചാണ്‍ വയറിന് അന്നക്കവിതയും ഒരുപോലെ പകരാന്‍ കഴിയുന്ന ദ്വന്ദവ്യക്തിത്വം. ദാരിദ്ര്യരേഖക്ക് താഴെ... ബൂലോക കവിതയ്ക്ക് ഒരു പുതിയ ആകാശം. രഞ്ജിത്തിന്റെ അങ്ങേയറ്റം ലളിതമായ , അതിലേറെ ശക്തമായ ഒരു കവിതയാണ് കാക്കക്കൂട്ടില്‍ പുതിയ പോസ്റ്റ്.


ഒരു നിസ്വന്റെ കാശുരാഷ്ട്രീയം 
 
വയറിനകത്ത് ഉച്ചനേരത്തെ കാളൽ.

രണ്ട് ദിവസമായി

വിജനമായൊരന്നനാളം.

കയ്യിലാകെ ഒരഞ്ച് രൂപാ നോട്ട്.


...

രണ്ട് തലപ്പും കീറി

മുഷിഞ്ഞ് നാറിയ

ഒരു കടലാസു കഷണം.


28/03/2011

പൊട്ടിത്തെറി


അവന്‍ ചോക്കുകള്‍
കുത്തിപ്പൊടിക്കുകയാണ്
മഞ്ഞ പച്ച നീല
പല നിറത്തിലുള്ളവ
വൈകുന്നേരം അച്ഛന്‍ അമ്മയെ തല്ലുമ്പോള്‍ 
കണ്ണിലെറിയുവാന്‍ .

അവന്‍ കല്ലെറിഞ്ഞത്
മാങ്കനി വീഴ്ത്തുവാനല്ല
പട്ടവും പറിച്ചോടിയ
കാറ്റിനെ കൊല്ലുവാനായിരുന്നു.

അവന്‍ പൂ പറിച്ചത്
അവള്‍ക്കു ചൂടുവാനല്ല
മണമോ നിറമോ കൊതിപ്പിച്ചിട്ടുമല്ല
വണ്ടുകള്‍ പട്ടിണി കിടന്നു
ചാകാന്‍ വേണ്ടിയായിരുന്നു.
(ഇന്നലെ അവന്റെ കഞ്ഞിയില്‍ ഒരെണ്ണം)


ഇന്ന് അവന്‍,
ആള്‍ക്കൂട്ടത്തിലേക്കു കയറിച്ചെന്നത്‌
പൊട്ടിത്തെറിയുണ്ടാക്കുവാനല്ല
 പൊട്ടിത്തെറിക്കുവാനായിരുന്നു.



- വഴിവക്കത്ത് 

12/11/2010

തീവണ്ടിപ്പാളങ്ങൾ കൂട്ടി മുട്ടുന്നിടത്തേക്ക്........

ദിലീപ്‌ : വീട് പട്ടാമ്പി ,പാലക്കാട് ജില്ല !!! CUSATലെ btech  വിദ്യാര്‍ഥിയാണ്. 
മത്താപ്പ് എന്ന ബൂലോക സാമ്രാജ്യത്തിന്റെ അധിപന്‍ കൂടിയാണ്  ഈ ടിയാന്‍ !!.ഊഷ്മളമായി വരികള്‍ കൊണ്ട്  കവിതകളെ വേറൊരു തലത്തിലെത്തിക്കാന്‍പ്രത്യേക കഴിവുണ്ട് ഈ കവിക്ക്‌  




തീവണ്ടിപ്പാളങ്ങൾ കൂട്ടി മുട്ടുന്നിടത്തേക്ക്........ 

വല്ലാതെ തല വേദനിക്കുന്നു. തീവണ്ടിക്ക് ഇന്നു 
കുലുക്കം കൂടിയ പോലെ.

കൂട്ടിനു നശിച്ച കുറേ ശബ്ദങ്ങളും......
തീവണ്ടിയുടെ ഈ ശബ്ദം പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കാൻ പറയുന്ന പോലെ,
കളഞ്ഞിട്ടു പോന്ന ഉമ്മറക്കോലായും,
വലിച്ചടച്ച വാതിൽ‌പ്പാളികളും, ചാരു കസേരയും, നാലുകെട്ടും, കൂട്ടിവച്ച് കൂട്ടിവച്ച് കുട്ടിക്കളി മാറിയപ്പോൾ എറിഞ്ഞു കളഞ്ഞ കുന്നിക്കുരുക്കളും,
 വലിച്ചെറിഞ്ഞും പൊട്ടിച്ചും കളഞ്ഞ എനിക്കു പ്രിയപ്പെട്ടവയെല്ലാം,
കാണാത്ത ചരടുകൊണ്ട് എന്നെ കെട്ടിയിട്ട പോലെ.....
വീടിന്റെ കിഴക്കേ അതിരിലും തീവണ്ടിപ്പാളമാണ്.
ഒരിക്കലും മുട്ടാതെ നീണ്ടു കിടക്കുന്ന ജീവിതത്തിന്റെ രണ്ടറ്റങ്ങൾ.....


ഇന്നേക്ക് പതിന്നാലു ദിവസമാകുന്നു വീട്ടിൽ നിന്നു പോന്നിട്ട് അല്ലേ....
അതെ
മടക്കം?????
അറിയില്ല; അല്ല, ഉണ്ടാകില്ല.
എന്തു പറ്റി????????


വഴിനീളെ മഴയുണ്ടായിരുന്നു
കറുത്ത മാനത്തു നിന്നും കുടീയിറക്കപ്പെട്ട അഭയാർത്ഥിക്കൂട്ടങ്ങൾ...
ബസ്സിന്റെ  സൈഡ് സീറ്റിൽ ഇരിക്കുമ്പോൾ
നെറുകിൽ അമ്മയുടെ കണ്ണുനീർ വീണ പോലെ....
ഇന്നും അമ്മയേപ്പറ്റിയുള്ള ഓർമ അതാണ്.
മങ്ങിയ ഓർമ്മകൾക്കു വെള്ളമൊഴിക്കുന്ന രണ്ടു കണ്ണുകൾ......
ഇതു വരെ ഒരിക്കലും അവയൊന്നൊപ്പാൻ ശ്രമിച്ചിട്ടില്ല......
സൌകര്യപൂർവം മറക്കുകയായിരുന്നു അവയിലെ ചൂടും വേദനയും.


അച്ഛൻ എന്നും ഒരു മങ്ങിയ ചിത്രമായിരുന്നു മനസ്സിൽ.
ഒരിക്കലെങ്കിലും കാണണമെന്നു തോന്നിയിട്ടുണ്ടാകില്ല പരസ്പരം..... 
മങ്ങാതെ കിടക്കുന്നത് ചില വാക്കുകളാണ്......
“ഇതെന്റെ വീടാണ്; ഇറങ്ങിപ്പോടാ ഇവിടെ നിന്ന്........”


അമ്മയിപ്പോഴും നോക്കിയിരിക്കുന്നുണ്ടാകും.
തിരിച്ചു വിളിക്കാൻ,
ഒരു ഉരുള ചോറു വാരിത്തരാൻ
എന്റെ മോനേ എന്നു വിളിച്ചു ചേർത്തു പിടിക്കാൻ......


ഇല്ല; ഇനി ഒരു തിരിച്ചു പോക്കില്ല.
എല്ലാ കെട്ടുകളും പൊട്ടുന്ന ശബ്ദം കേട്ടാണിറങ്ങിയത്....
അപ്പോഴും സൌകര്യപൂർവം അമ്മയെ മറന്നു കൊണ്ട്......


തീവണ്ടിയുടെ ശബ്ദം ഇപ്പോൾ സുഖകരമാണ്.
മണി കിലുങ്ങുന്ന പോലെ.....
ഒട്ടും കുലുക്കമില്ല.....
ഇവിടത്തെ ഈ ദുഷിച്ച ഗന്ധമാണു സഹിക്കാൻ പറ്റാത്തത്....
തീവണ്ടിയിൽ നിന്നു വീണാൽ മരിക്കുമെന്ന് പറഞ്ഞതാരാണ്????....
“അമ്മ“


തെക്കേ പറമ്പിലെ മൂവാണ്ടൻ മാവു വീഴുന്നു......
ഒരു മുഴുവൻ വാഴയിലയുടെ ഒരരുക്കിലേക്കില്ലാത്ത എന്നെ ദഹിപ്പിക്കാൻ.....
എന്റെ കൂടെ എനിക്കു പ്രിയപ്പെട്ട പലതും....... 

സമയമായി
കരച്ചിലിന്റെ ശബ്ദം കൂടി.....
അമ്മ മാത്രം ഇപ്പോഴും , തുള്ളി പോലും പെയ്യാതെ, മൂടിക്കെട്ടി.......


അച്ചനെ മാത്രം കണ്ടില്ല ഉമ്മറത്തെങ്ങും.
മകൻ തീവണ്ടിയിൽ നിന്നു വലിച്ചെറിഞ്ഞുടച്ച സ്വപ്നങ്ങളുടെ പൊട്ടുകൾ പെറുക്കുകയാകും....
ഒരിക്കലും കാണിക്കാത്ത സ്നേഹതിൽ മുക്കി അവയൊന്നൊട്ടിച്ചു വെക്കാൻ.
ആ കൊച്ചു കണ്ണാടിത്തുണ്ടുകളിൽ ഒന്നു മുഖം നോക്കാൻ......

പോവുകയാണു ഞാൻ. പച്ചമണ്ണിൽ വച്ച മാവിൻ വിറകിനു മുകളിലൂടെ.
വെന്തു പൊള്ളുന്ന മണ്ണും മനസ്സുമുപേക്ഷിച്ച്.....
ഒരു വലിയ തീവണ്ടിയിൽ, മനസ്സോളമെത്തുന്ന തീവണ്ടിപ്പാളത്തിലൂടെ,
അവ കൂട്ടി മുട്ടുന്നിടത്തേക്ക്.........

26/10/2010

Careful, kid

Adeeba Fathima is a final year engineering student at Govt. Engineering College, Kozhikode. She maintains a blog titled The Last Page to scribble down her thoughts and poetry. Here is a poem from her blog

Careful, kid

Careful, kid
they carry knives in their words
And thoughts, Not until the droplets
Are seen dripping,
Not until the pain from the wound
shoots up,
when you still stand puzzled
how the grey skies, suddenly
went dark ,and turned scary,
the steel be felt inside the heart
Careful, that
they call themselves friends.

10/10/2010

ഒരു റീത്ത്


ബൂലോകത്ത് INfinitelySANE/ആരാന്‍ എന്നറിയപ്പെടുന്ന നിഖില്‍ വര്‍മ്മയുടെ പോസ്റ്റാണ് ഈയാഴ്ച.കോഴിക്കോട് NIT യില്‍ ഇന്ജിനിയറിംഗ് വിദ്യാര്‍ഥിയാണ്.സ്വദേശം കണ്ണൂര്‍, താമസം കോഴിക്കോട്. എഴുത്തിന് പുറമേ സാമൂഹ്യസേവനവും വിക്കിപീഡിയ തിരുത്തലുമാണ് ഒഴിവുസമയ വിനോദങ്ങള്‍ . ഔദ്യോഗികമായി മലയാളം പഠിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ സുന്ദരമായ കവിതകളെഴുതുന്നു. നിഖിലിന്റെ
ഒരു റീത്ത് എന്ന മനോഹരമായ കവിത വായിച്ചു നോക്കൂ.


ഇരുള്‍ ചിതറി
നഗരമുണര്‍ന്ന വേള,
ലഹരി നുണഞ്ഞോടുന്ന ചക്രങ്ങള്‍.

ചെറിയ സൂചിയും
വലിയ സൂചിയും
തമ്മിലുള്ള മത്സരത്തിനിടെ
ഒരു നിലവിളിക്കീറ് .

കറുത്ത നിറത്തില്‍ ചുവപ്പ് പരന്നു.
തമിഴ് കലര്‍ന്ന മുറുക്കാനും
പ്രതീക്ഷ കലര്‍ന്ന രക്തവും
ദാരിദ്ര്യം മണക്കുന്ന വിയര്‍പ്പും
വാര്‍ധക്യം ബാധിച്ച ഉമിനീരും ,
ഭൂവിന്റെ മാറില്‍ ,
സ്വാതന്ത്ര്യമാഘോഷിച്ചു .

ഇരയെ പകുത്തെടുകുന്ന കുറുനരികള്‍,
യന്ത്രക്കണ്ണുകള്‍ മിന്നി മറഞ്ഞു .

പിറവിയുടെ വെള്ള പുതച്ച പുലരി.
ഉമ്മറത്തറയിലേക്ക് തെറിച്ചു വീണ
പത്ത്രത്തിന്റെ ആദ്യതാളില്‍ നിന്നും
മനുഷ്യത്വത്തിന്റെ അവസാന തുള്ളികളും
മണ്ണിലേക്കൊലിച്ചിറങ്ങി.

10/09/2010

എനിക്കു പ്രണയമില്ല -കാവ്യ

ഓരോ ആഴ്ചയിലും കാക്കക്കൂട് അംഗങ്ങളുടെ സൃഷ്ടികളിലൊന്ന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈയാഴ്ച പ്രസിദ്ധീകരിക്കാനായി ഐക്യകണ്ഠേന തിരഞ്ഞെടുത്തിരിക്കുന്നത് കാവ്യയുടെ എനിക്ക് പ്രണയമില്ല എന്ന കവിതയാണ്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായ കാവ്യ ഇപ്പോള്‍ ത്രിശ്ശൂര്‍ ഗവ എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥീനിയാണ്. കാവ്യയുടെ അനിയത്തി ചിരുതക്കുട്ടിയും കാക്കക്കൂടില്‍ അംഗമാണ്.

എനിക്കു പ്രണയമില്ല

എന്റെ കൂട്ടുകാരാ,
നിന്റെ രൂപം എവിടെ കണ്ടാലും
എന്റെ കണ്ണുകള്‍ അവിടെ ഉടക്കാറുണ്ട്.
നിന്റെ ആദര്‍ശങ്ങളില്‍ ,പുഞ്ചിരിയില്‍ ,
എന്തോ ഒരു കൗതുകം.
എന്നുവെച്ചു ,എനിക്കു നിന്നോട് പ്രണയമില്ല കേട്ടോ..

എന്റെ കൂട്ടുകാരാ,
എന്റെ കിനാക്കളില്‍
നീ നിത്യേന എത്താറുണ്ട്.
പ്രാര്‍ത്ഥനയ്ക്കായി മിഴികള്‍ അടയ്ക്കുമ്പോള്‍
മനസ്സില്‍ നിന്റെ മുഖം തെളിയാറുമുണ്ട് .
യാദൃച്ചികമാവാം,
കാരണം,എനിക്കു നിന്നോട് പ്രണയമില്ലല്ലോ.

എന്റെ കൂട്ടുകാരാ,
നീ ഒരിക്കലും എനിക്കായി
ഒരു പനിനീര്‍ പുഷ്പം നീട്ടിയിട്ടില്ല.
(അതിന്റെ മുള്ളുള്ള തണ്ടിനെ ഞാന്‍ ഏറെ സ്നേഹിക്കുന്നു)
എന്റെ വഴിത്താരകളിലെവിടെയും
എനിക്കായി നീ കാത്തു നിന്നിട്ടുമില്ല .
അതിലെനിക്ക് ദുഖമില്ല,
കാരണം,എനിക്കു നിന്നോട് പ്രണയമില്ല.

എങ്കിലും എന്റെ കൂട്ടുകാരാ,
നിനക്കെന്നെങ്കിലും
എന്നോട് പ്രണയം തോന്നിയാല്‍ ,
പറയാന്‍ മടിക്കണ്ട,
കാരണം, എനിക്കു മറ്റാരോടും പ്രണയമില്ല...